• ഷാജീ രാമപുരം

ഡാലസ്: അമേരിക്കയിലെ ഡാലസിൽ നിന്നും നവമാധ്യമങ്ങളിലൂടെ കഴിഞ്ഞ മൂന്നര വർഷമായി തുടർച്ചയായി എല്ലാദിവസവും സജി പള്ളിക്കൽ പി.എം നൽകിവരുന്ന ഈശ്വര വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ചിന്താധാരകൾ അടങ്ങിയ അനുദിന വേദചിന്തകൾ എന്ന ക്രിസ്തിയ വചന പ്രഭാഷണ പരമ്പര ആയിരം എപ്പിസോഡിലേക്ക് ഇന്ന് പ്രവേശിക്കുന്നു.

ഒരു ശസ്ത്രക്രിയയെ തുടർന്ന് രണ്ടു കാലുകളുടെയും സ്വാധീനം നഷ്ടപ്പെട്ടതായ അവസ്ഥയിലും പതറാതെ എല്ലാറ്റിനെയും പോസിറ്റീവ് ആയി കണ്ടുകൊണ്ട് വിവിധ സോഷ്യൽ മീഡിയായിലൂടെ ആത്മീയ ചൈതന്യവും, സമാധാനവും, സന്തോഷവും ലഭിക്കുന്നതായ ആത്മീയ ചിന്തകൾ അടങ്ങുന്ന വചന സന്ദേശം തന്റെ ഭവനത്തിൽ നിന്ന് വീൽചെയറിൽ ഇരുന്നു കൊണ്ട് നൽകുന്നത് ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ വിഷമിക്കുന്ന അനേകർക്ക് ആശ്വാസം ലഭിക്കുന്നതായി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

അനുദിന വേദചിന്തകളുടെ ആയിരം എപ്പിസോഡ് പൂർത്തിയാകുന്ന ഇന്ന് സജി പള്ളിക്കൽ രചനയും സംഗീതവും നൽകിയ സ്നേഹരാഗം എന്ന പേരിൽ ഒരു ടൈറ്റിൽ സോംഗ് ഫാ.ഗീവർഗീസ് നെടിയമലയിലിന്റെ നേതൃത്വത്തിൽ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആശിർവദിക്കുന്നു.

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ്, വിവിധ സഭകളിലെ വൈദീകർ, സാമൂഹിക മത നേതാക്കൾ തുടങ്ങിയവരുടെ ആശംസകളും കൂടാതെ വിവിധ എപ്പിസോഡുകളിലെ പ്രസക്ത ഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ അയർലണ്ടിൽ നിന്നും ബിനു ആന്റണി കലയംകണ്ടത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്നു.

മാളേക്കൽ കുടുംബാംഗമായ കറ്റാനം പള്ളിക്കൽ പുതുപ്പുര കിഴക്കേതിൽ പരേതരായ പി.എം മത്തായി, കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് സജി പള്ളിക്കൽ. മാവേലിക്കര പരിമണം ചക്കനാട്ട് കുടുംബാംഗമായ മിനിയാണ് ഭാര്യ.കോളേജ് വിദ്യാർഥിനികളായ ഫെബാ മറിയം ജേക്കബ്, ഷേബാ സാറാ ജേക്കബ് എന്നിവരാണ് മക്കൾ.

പൊന്നമ്മ കോശി ജോൺ (പന്തളം), സോമൻ പി.മത്തായി (കുവൈറ്റ്), യോഹന്നാൻ മത്തായി, തോമസ് മത്തായി മാത്യു , ലിസി അനി ജോൺ (മൂവരും ചിക്കാഗോ), വത്സമ്മ ഉമ്മൻ, ലൂക്കോസ് മത്തായി, റെജി മത്തായി, ഷാജി മാത്യു (എല്ലാവരും ഡാലസ്), അജി മാത്യു (ദുബായ്), ജെസ്സി മാത്യു (പള്ളിക്കൽ) എന്നിവർ സഹോദരിസഹോദരന്മാർ ആണ്.