തിരുവല്ല: ആക്‌ടിവിസ്‌റ്റായ രഹന ഫാത്തിമ പോക്‌സോ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നു സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കേസിലെ പരാതിക്കാരനും തിരുവല്ല ബാറിലെ അഭിഭാഷകനുമായ എ.വി. അരുണ്‍ പ്രകാശ്‌ സുപ്രീം കോടതിയില്‍ കവിയറ്റ്‌ ഫയല്‍ ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെകൊണ്ടു നഗ്‌നമേനിയില്‍ ചിത്രരചന നടത്തി വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന്‌ എറണാകുളം സൗത്ത്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ രഹനയുടെ ജാമ്യ ഹര്‍ജി. കഴിഞ്ഞ 24 നു ഹൈക്കോടതി ഈ കേസില്‍ രഹനയ്‌ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. പോക്‌സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍, ഐടി ആക്‌ടിലെ 67 ബി(ഡി), ജൂവനൈല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ എന്നിവയാണ്‌ രഹനയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്‌. ഈ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ്‌ രഹനയുടെ വാദം. കോടതി ജാമ്യം നിഷേധിച്ചിട്ടും രഹനയെ അറസ്‌റ്റ്‌ ചെയ്യാന്‍ കേരളാ പോലീസ്‌ തയാറായിരുന്നില്ല. ഇതിനെതിരേ അരുണ്‍ പ്രകാശ്‌ ഡി.ജി.പിക്കു പരാതി നല്‍കി.