തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെയെ നേരില്‍ കണ്ട് വിവരങ്ങള്‍ തേടി. അഡ്മിന്‍ അറ്റാഷെ അബ്ദുള്ള സെയ്ദ് അല്‍ഖത്താനിയില്‍നിന്നാണ് വിവരം ശേഖരിച്ചത്. കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഇതിനു പിന്നാലെയാണ് അഡ്മിന്‍ അറ്റാഷെ ഞായറാഴ്ച ഇന്ത്യ വിട്ടത്.

മൂന്ന് ദിവസംമുമ്ബാണ് മണക്കാട്ടുള്ള യുഎഇ കോണ്‍സുലേറ്റില്‍ കസ്റ്റംസ് സംഘം എത്തിയത്. ജീവനക്കാരോട് അഡ്മിന്‍ അറ്റാഷെയെ കാണണമെന്ന് അറിയിച്ചു. വിവരം അറിഞ്ഞ അഡ്മിന്‍ അറ്റാഷെ അകത്തേക്ക് കടക്കാന്‍ കസ്റ്റംസിന് അനുവാദം നല്‍കിയില്ല. പകരം അദ്ദേഹം കോണ്‍സുലേറ്റിന് പുറത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു. സ്വപ്ന, സരിത് എന്നിവരുടെ നിയമനം, കോണ്‍സുലേറ്റില്‍നിന്ന് മാറ്റാനുള്ള കാരണം, ഇതിനുശേഷവും ഇവര്‍ ഇവിടെ വരാനിടയായതും സരിത് ബാഗേജ് ഏറ്റുവാങ്ങാന്‍ പോകാനിടയാക്കിയതുമായ സാഹചര്യം, അറ്റാഷെയുടെ നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങള്‍ ആരാഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നല്‍കി. എന്നാല്‍, കത്തിന് മറുപടി നല്‍കാതെയാണ് ഞായറാഴ്ച അഡ്മിന്‍ അറ്റാഷെ നാട്ടിലേക്ക് തിരികെ പോയത്.കോണ്‍സുലേറ്റിലെ ചില ജീവനക്കാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യംചെയ്തു.

ചുമതലക്കാരന്‍ ചാര്‍ജെടുത്തില്ല
അഡ്മിന്‍ അറ്റാഷെയ്ക്ക് പകരമായി എത്തിയ യുഎഇ പൗരനായ ഉദ്യോഗസ്ഥന്‍ കോണ്‍സുലേറ്റില്‍ ചാര്‍ജെടുത്തില്ല. ശനിയാഴ്ച തലസ്ഥാനത്ത് എത്തിയ ഇയാള്‍ നഗരത്തിലെ ഫ്ലാറ്റിലാണുള്ളത്.