തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം. ഇതിന്‍റെ ഭാഗമായി പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

ലോക്ക്ഡൗണിന്റെ ഒന്നാംഘട്ടത്തില്‍ മികച്ച രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പൊലീസ് ഇടപെട്ടത്. അതിനാല്‍ തന്നെ രോഗ വ്യാപനം തടയാന്‍ കഴിഞ്ഞു. ഇപ്പോള്‍ രോഗവ്യാപനം കൂടുതലാണ്. അതിനാല്‍ ഇനിയും ഇതേ രീതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കി ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. പ്രദേശത്ത് നടപ്പാക്കേണ്ട നിയന്ത്രണം ജില്ല പോലീസ് മേധാവി വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കണം. ലോക്ക്ഡൗണ്‍, ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ പൊലീസ് വ്യക്തത വരുത്തും. അനാവശ്യ യാത്രകള്‍, മാസ്ക്, സമൂഹിക അകലം തുടങ്ങി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പൊലീസാണ്.

ഒരു പ്രദേശം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കണമെങ്കിലും പൊലീസിന് ശുപാര്‍ശ ചെയ്യാം. സോണുകളിലേയ്ക്കുള്ള എന്‍ട്രി, എക്സിറ്റ് പോയിന്റുകളും പൊലീസ് തീരുമാനിക്കും. തദ്ദേശസ്വയംഭരണ വകുപ്പും, ജില്ല ഭരണകൂടവുമാണ് നിലവില്‍ ലോക്ക്ഡൗണ്‍ തീരുമാനിച്ചിരുന്നത്. അതിലാണ് മാറ്റം വരുത്തിയത്. ഇനി പൊലീസ് ശുപാര്‍ശകള്‍ ലോക്ക്ഡൗണ്‍ തീരുമാനിക്കുന്നതിനും പിന്‍വലിക്കുന്നതിലും നിര്‍ണായകമാകും. അതിവേഗം രോഗവ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പലരും പാലിക്കാതെ വന്നതോടെയാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ഗ്രാമീണ – മലയോര മേഖലകളില്‍ പലയിടത്തും നിയന്ത്രണങ്ങള്‍ പാലിക്കാതെ കടകളിലുള്‍പ്പടെ വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സാമൂഹിക അകലമടക്കമുള്ളവ പലയിടങ്ങളിലും നിലവില്‍ പാലിക്കപ്പെടുന്നില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതോടെ പൊലീസ് പരിശോധന വ്യാപകമാക്കും. ഇതോടെ കണ്ടെയിന്‍മെന്റ് സോണുകളിലുള്‍പ്പടെ രോഗവ്യാപനം കുറയ്ക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.