കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒമ്ബതര മണിക്കൂര്‍‌ ചോദ്യം ചെയ്താണ് ശിവശങ്കറിനെ എന്‍ ഐ എ വിട്ടയച്ചത്. ശിവശങ്കര്‍ കൊച്ചിയില്‍ കഴിയുന്നത് എന്‍ ഐ എ നിരീക്ഷണത്തിലാണ്. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ വീണ്ടുമെത്താനാണ് എന്‍ ഐ എ നിര്‍ദേശിച്ചത്.

സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ലെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞു. ഇവര്‍ക്കു സ്വപ്നയുമായുള്ള സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല. സ്വപ്നയുടെ ഭര്‍ത്താവു ക്ഷണിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

അതേസമയം നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടാംവട്ട ചോദ്യംചെയ്യലിനു ശേഷവും ക്ളീന്‍ ചിറ്റ് നല്‍കാതിരുന്നതോടെ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടോ എന്നാണ് എന്‍.ഐ.എ പരിശോധിച്ചത്.

പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷവും സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് പങ്കില്ലെന്നു പറയാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല.