അഹമ്മദാബാദ്: ബൈക്കില്‍ എത്തിയ ആള്‍ ഉടമയെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നെഹ്‌റു നഗറിലാണ് നാടകീയ മോഷണം നടന്നത്.

ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. സാറ്റ്‌ലൈറ്റ് മേഖലയില്‍ ബിസിനസ് നടത്തുന്ന സുജന്‍ ഷാ (47)എന്ന ആളുടെ കാറാണ് ബൈക്കിലെത്തിയ കള്ളന്‍ തട്ടിയെടുത്ത് കടന്നത്. ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നെത്തിയ ആള്‍ കാറിന് മുന്നില്‍ ബൈക്ക് വട്ടംപിടിച്ച്‌ നിര്‍ത്തിയ്ക്കുകയായിരുന്നു. പിന്നാലെ സുജന്‍ ഷായെ അധിക്ഷേപിച്ച്‌ സംസാരിച്ചു.

പിന്നീട് കാറിന്റെ ബോണറ്റില്‍ ഇയാള്‍ കത്തി കുത്തിയിറക്കി. സുജന്‍ ഷാ കാറില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഇയാള്‍ താക്കോല്‍ തട്ടിയെടുത്ത് കാറോടിച്ച്‌ കടന്നു കളയുകയായിരുന്നു.

20നും 25നും ഇടയില്‍ പ്രായമുള്ള യുവാവാണ് തന്റെ കാര്‍ തട്ടിയെടുത്തതെന്ന് സുജന്‍ ഷാ നല്‍കിയ പരാതിയില്‍ പറയുന്നു. വെജാല്‍പുരിലെ ഗുണ്ടയാണ് താനെന്ന് പറഞ്ഞാണ് ഇയാള്‍ തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയത്. ഈ സമയത്ത് മറ്റൊരാളും ഇവിടെയെത്തി എന്താണ് പ്രശ്‌നം എന്ന് അന്വേഷിച്ചപ്പോള്‍ അയാളെയും മോഷ്ടാവ് ചീത്ത വിളിച്ചു. പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുജന്‍ ഷാ പരാതിയില്‍ പറയുന്നു.

മോഷണ ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് മോഷ്ടാവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് പറ‍ഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.