കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് യുഎഇ കോണ്‍സല്‍ ജനറലിലും അറ്റാഷെയിലും ചാരി തലയൂരാനുള്ള സ്വപ്നയുടെയും കൂട്ടാളികളുടെയും തന്ത്രങ്ങള്‍ പൊളിച്ചടുക്കി എന്‍ഐഎ ടീം. എല്ലാം ചെയ്തത് കോണ്‍സല്‍ ജനറലും അറ്റാഷെയും ആയിരുന്നെന്നും തങ്ങള്‍ക്ക് ലഭിച്ചത് വെറും കമ്മീഷന്‍ മാത്രമായിരുന്നെന്നുമാണ് പ്രതികള്‍ എന്‍ഐഎയോട് പറഞ്ഞത്. അങ്ങനെയായിരുന്നെങ്കില്‍ സ്വര്‍ണം കടത്താനായി യുഎഇയിലും കേരളത്തിലും കോണ്‍സുലേറ്റിന്റെ വ്യാജരേഖകള്‍ എന്തിനു സൃഷ്ടിച്ചു എന്നതിന് പ്രതികള്‍ക്ക് ഉത്തരമില്ല.

എല്ലാം കോണ്‍സല്‍ ജനറല്‍ അറിഞ്ഞായിരുന്നെങ്കില്‍ കോണ്‍സുലേറ്റിന്റെ സീല്‍ ഉള്‍പ്പെടെയുള്ള രേഖകളും ഒറിജിനല്‍ ഉപയോഗിക്കാമായിരുന്നല്ലോ എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ന്യായമാണെന്ന് പ്രതികളും സമ്മതിക്കുന്നു. കോണ്‍സല്‍ ജനറലും അറ്റാഷെയുമാണ് പ്രതികളെങ്കില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ എന്‍ഐഐയ്ക്കും കസ്റ്റംസിനും പ്രതിബന്ധങ്ങളുണ്ട്. അത് നയതന്ത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

അങ്ങനെയെങ്കില്‍ കേസ് എവിടെയെങ്കിലും തട്ടി നില്‍ക്കും. അങ്ങനെ രക്ഷപെടാമെന്നായിരുന്നു പ്രതികളുടെ നീക്കം. ആ തന്ത്രം എന്‍ഐഎ തന്നെ പൊളിച്ചടുക്കി. മാത്രമല്ല, കൊണ്ടുവന്ന സ്വര്‍ണം പോയ വഴികളും അതിന്റെ ലാഭവുമെല്ലാം എത്തിയത് രാജ്യത്തിന് ഹിതകരമല്ലാത്ത അവിശുദ്ധ കരങ്ങളിലുമാണെന്നത് തിരിച്ചറിഞ്ഞു കഴിഞ്ഞു.