കാറ്റഗറി 1 ഹരിക്കയിൻ എന്ന് പുനർനിർണ്ണയിച്ച “ഹന്ന” ടെക്സസിന്റെ തെക്കു ഭാഗത്തും മെക്സിക്കോയുടെ വടക്കു കിഴക്കു ഭാഗത്തുമുള്ള തീരപ്രദേശങ്ങളിൽ ഇന്നലെ വൈകിട്ട്  8 മണിയോടെ ശക്തമായി വീശിയടിച്ചു. കനത്ത നാശനഷ്ടങ്ങളാണ്  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ലാൻഡ്ഫാൾ ചെയ്യുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ഉഷ്ണമേഖലാന്യുനമർദ്ദമായിരുന്ന ഹന്നാ ശക്തി പ്രാപിച്ചു 70 മൈലിൽ അധികം വേഗത കൈവരിച്ചു കാറ്റഗറി 1 ഹരിക്കയിൻ ആയി മാറിയത്.  കോർപ്പസ് ക്രിസ്റ്റിയിലും പരിസര പ്രദേശങ്ങളിലും 250000 ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു അതോടൊപ്പം പല താഴ്ന്ന ഭൂ പ്രദേശങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകി. ചുഴലികൊടുംങ്കാറ്റ് ലാൻഡ്ഫാൾ ചെയ്‌തതോടെ  കടൽ അഞ്ചടിയിലധികം ഉയർന്നു തീരപ്രദേശം വെള്ളത്തിനടിയിലായി.

കൊറോണ വയറസിന്റെ ടെക്സസിലെ ഏറ്റവും പുതിയ പ്രഭവ കേന്ദ്രമായ റിയോ ഗ്രാൻഡെ വാലിയിലുടനീളം ഫ്ലാഷ് ഫ്ളഡ് മുന്നറിയിപ്പുകൾ നൽകി. അടുത്തു തന്നെയുള്ള മറ്റൊരു നഗരമായ മിഷനിൽ 10 ഇഞ്ച് വരെ മഴ പെയ്തത്തോടെ അവിടെ ഫ്ലാഷ് ഫ്ളഡ് എമർജൻസി പ്രഖ്യാപിച്ചിരിക്കയാണ്. നിരവധി ആളുകൾ നിരത്തുകളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനാൽ തന്നെ പോലീസും മറ്റു എമർജൻസി  ഉദ്യോഗസ്ഥരും ആളുകളോട് വാഹനവുമായി റോഡിലിറങ്ങരുത് എന്ന് ആവശ്യപ്പെട്ടു. ഹിഡാൽഗോ കൗണ്ടിയിലെ യു‌എസ് ഹൈവേ 83 ന് ചുറ്റുമുള്ള ഫ്രണ്ടേജ് റോഡുകളും  നഗരത്തിലെ മറ്റു പല റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ഹന്നയുടെ കാറ്റിന്റെ ശക്തി  ദുർബലമായിട്ടുണ്ടെങ്കിലും, കനത്ത മഴ ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നു എന്ന് ബ്രൗൺസ്‌വില്ലിലുള്ള നാഷണൽ വെതർ സർവീസ് ഓഫീസിലെ കാലാവസ്ഥാ നിരീക്ഷകൻ ക്രിസ് ബിർച്ഫീൽഡ് പറഞ്ഞു. കോർപ്പസ് ക്രിസ്റ്റിയുടെ മറീന ഡെൽ സോളിൽ മുന്നറിപ്പുകളെ അവഗണിച്ചുകൊണ്ട് ബോട്ടിൽ കടലിൽ പോയ ദമ്പതികളെ രക്ഷപ്പെടുത്താൻ തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഉപയോഗിച്ചതായി കെഐഐഐ റിപ്പോർട്ട് ചെയ്തിരുന്നു. പരിക്കുകളില്ലാതെ ദമ്പതികളെ കരയിലെത്തിക്കാൻ സാധിച്ചതായി   കോസ്റ്റ് ഗാർഡ് വക്താവ് പൈജ് ഹോസ് പറഞ്ഞു.

ഹിഡാൽഗോ കൗണ്ടി, വാലി സെൻട്രൽ എന്നിവിടങ്ങളിലും ജല രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. എഡിൻബർഗ്, മക്അല്ലെൻ, മിഷൻ, സാൻ ജുവാൻ, വെസ്ലാക്കോ എന്നിവിടങ്ങളിൽ വലിയ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രശസ്ത ബോബ് ഹാൾ പിയർ കൊടുങ്കാറ്റിനിടെ തകർന്നതായി കോർപ്പസ് ക്രിസ്റ്റി മേയർ ജോ മക്കോംബ് അറിയിച്ചു. ഹാർവി ചുഴലിക്കാറ്റിനേയും മറ്റ് വലിയ കൊടുങ്കാറ്റുകളേയും അതിജീവിച്ച പിയർ തകർന്നത് നഗരത്തെ ആശ്ചര്യപ്പെടുത്തി.

ഹന്ന ചുഴലികൊടുംങ്കാറ്റിന്റെ  ബാഹ്യ ബാന്റുകളിൽ നിന്നും ഹ്യൂസ്റ്റൺ പ്രദേശത്തും ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്നു. വരുന്ന 2 ദിവസങ്ങളിലും മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.