തിരുവനന്തപുരം: നേരത്തേ നല്‍കിയ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയഘോഷിനെ കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണം കടത്തിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ച ശേഷം ജൂലായ് ഒന്നു മുതല്‍ നാല് വരെ സരിത്തിനെയും സ്വപ്നയേയും ജയഘോഷ് നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് ഇരുവരെയും പുറത്താക്കിയെന്ന് അറിയാവുന്ന ജയഘോഷ് ഇവരെ വിളിക്കേണ്ട സാഹചര്യമില്ല. ഇതേക്കുറിച്ചുള്ള മറുപടികള്‍ പരസ്പര വിരുദ്ധമാണെന്ന് കസ്റ്റംസ് പറയുന്നു.

തിങ്കളാഴ്ച സ്വപ്നയെയും സന്ദീപിനേയും കസ്​റ്റഡിയില്‍ കിട്ടിയ ശേഷമായിരിക്കും ജയഘോഷിനെ വിളിച്ചുവരുത്തുക. ജയഘോഷിന്റെ നിയമനം ഉള്‍പ്പെടെ കസ്റ്റംസ് അന്വേഷിക്കും. അറ്റാഷെ രാജ്യംവിട്ടതിനു പിന്നാലെ, ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷിനെ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് പോയ വിവരം സ്പെഷ്യല്‍ബ്രാഞ്ചിനെ അറിയിച്ചില്ല, കയ്യിലുണ്ടായിരുന്ന തോക്ക് തിരികെ നല്‍കിയില്ല എന്നിങ്ങനെയാണ് കുറ്റങ്ങള്‍. സ്വര്‍ണം ഒളിപ്പിച്ച നയതന്ത്റ ബാഗ് കൈപ്പ​റ്റാന്‍ ഒന്നാം പ്രതി സരിത്ത് എത്തിയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാഗിനുള്ളില്‍ സ്വര്‍ണമാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നാണ് ജയഘോഷിന്റെ മൊഴി. കാര്‍ഗോ ക്ലിയര്‍ ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചാണ് സ്വപ്നയോട് ഫോണില്‍ സംസാരിച്ചതെന്നും ജയഘോഷ് മൊഴിനല്‍കി.