– പി.പി.ചെറിയാൻ

വാഷിംഗ്‌ടണ്‍: ഇന്ത്യയുള്‍പ്പടെയുള്ള  രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന നീക്കവുമായി അമേരിക്ക…  ആളില്ലാതെ പറക്കുന്ന വാഹനങ്ങള്‍ക്ക് കയ‌റ്റുമതിയില്‍ വരുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇളവുചെയ്‌ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (Donald Trump)…

പുതിയ ഉത്തരവോടെ  അമേരിക്ക നിര്‍മ്മിക്കുന്ന അണ്‍മാന്‍ഡ് ഏരിയല്‍ വാഹനങ്ങള്‍,  Unmanned Aerial Vehicle(UAV) അഥവാ ഡ്രോണുകള്‍  സ്വന്തമാക്കാന്‍ ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്കുള‌ള കടമ്പ  ലഘൂകരിക്കപ്പെട്ടിരിക്കുകയാണ്.

അണ്‍മാന്‍ഡ് ഏരിയല്‍ വാഹനങ്ങളുടെ കയ‌റ്റുമതി നിയന്ത്രണങ്ങളില്‍  ഇളവു വന്നതോടെ ഇന്ത്യ മാത്രമല്ല സൗദി അറേബ്യ, യു എ ഇ, ഈജിപ്‌റ്റ്  തുടങ്ങി നിരവധി  രാജ്യങ്ങള്‍ക്ക്  ഈ  ഡ്രോണുകള്‍ വാങ്ങാനുള‌ള സാദ്ധ്യത തെളിഞ്ഞിരിയ്ക്കുകയാണ്. ഒരു യുദ്ധ വിമാനത്തോളം വില വരുന്ന പ്രെഡേ‌റ്റര്‍-ബി  (Predator-B) വാങ്ങുന്നതിലൂടെ വലിയ യുദ്ധവിമാനങ്ങള്‍ അത്ര കുറച്ച്‌ മാത്രം വായുസേനക്ക് ഉപയോഗിച്ചാല്‍ മതിയാകും എന്ന ഗുണമുണ്ട്. പ്രെഡേ‌റ്റര്‍-ബി (Predator-B) എന്ന് പേരുള‌ള  ഡ്രോണുകളുടെ വേഗ പരിധി 800 കിലോമീ‌റ്ററായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്.  കൂടാതെ,  പ്രെഡേ‌റ്റര്‍-ബി ഡ്രോണിന് 4 ഹെല്‍ ഫയര്‍ മിസൈലുകളും രണ്ട് ഭാരമേറിയ ലേസര്‍ മിസൈലുകളും വഹിക്കാനുള‌ള ശേഷിയുണ്ട്.

അമേരിക്കയുടെ പുതിയ  നീക്കത്തിലൂടെ  പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ചൈനീസ് നിര്‍മ്മിത ആളില്ലാ വാഹനങ്ങളുടെ  ആക്രമണങ്ങളെ പ്രതിരോധിക്കാനുള‌ള മാര്‍ഗം തുറന്ന്  കിട്ടുകയാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ യമനിലും ലിബിയയിലും ആഭ്യന്തരകലാപത്തില്‍ ചൈനീസ് നിര്‍മ്മിത ‘വിങ്‌ലൂംഗ്’ ആയുധമേന്തിയ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പാക്കിസ്ഥാനും ചൈനയുടെ വിങ്‌ലൂംഗ് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ആയിരം കിലോയോളം ബോംബ് വഹിക്കാന്‍ മാത്രമാണ് ഇവയുടെ ശേഷി.

മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണമുള‌ള രാജ്യങ്ങള്‍ അംഗമായ സമിതിയിലുള‌ള അമേരിക്കയിലെ പ്രതിരോധ കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് കയ‌റ്റുമതിക്ക് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ചൈനയും  പാക്കിസ്ഥാനും ഇതില്‍ അംഗമല്ലാത്തതിനാല്‍ അവര്‍ക്ക് നിയന്ത്രണമില്ല. ഇത് ഇന്ത്യ ഉള്‍പ്പടെ രാജ്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു.  അമേരിക്കയുടെ  നിലപാട് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല…