കോട്ടയം: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കില്ല. സംസ്‌കാരം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചു. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണ് സംസ്‌കാരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

മുട്ടമ്പലം പൊതുശ്മശാനത്തില്‍ കോവിഡ് ബാധിതന്‍െ്‌റ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ബി.ജെ.പി നേതാവും കോട്ടയം നഗരസഭാ കൗണ്‍സിലറുമായ ടി.എന്‍ ഹരികുമാറിന്‍െ്‌റ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോവിഡ് ബാധിതന്‍െ്‌റ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുകയിലൂടെ കോവിഡ് പകരുമെന്നാണ്  നാട്ടുകാര്‍ ആരോപിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചുങ്കം സി.എം.എസ് കോളജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

മൃതദേഹം ഇടവക പള്ളിയില്‍ അടക്കം ചെയ്യാതെ മുട്ടമ്പലം പൊതുശ്മശാനത്തില്‍ കൊണ്ടുവന്നതിനെതിരെയും ഒരു വിഭാഗം പ്രതിഷേധിക്കുന്നുണ്ട്. നേരത്തെ ചാലുകുന്നിലെ സി.എസ്.ഐ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്ന് പള്ളി അധികാരികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പൊതുശ്മശാനത്തില്‍ എത്തിച്ചത്.