ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ ദുബായ് ശാഖ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

എന്‍‌എം‌സി, ബി‌ആര്‍ ഷെട്ടി എന്നിവര്‍ക്കെതിരെ 2013 ല്‍ 8.4 മില്യണ്‍ ഡോളര്‍ (31 മില്യണ്‍ ദിര്‍ഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് കേസ് ഫയല്‍ ചെയ്തിരുന്നു. 2013 ല്‍ തയാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പരിഷ്ക്കരിക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ പരാതി. ബി ആര്‍ ഷെട്ടിയുടെ അബുദാബിയിലേയും ദുബായിലേയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിന്‍ബ്ലര്‍, ബിആര്‍എസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ്സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്ബനികളിലെ ഓഹരികളാണ് മരവിപ്പിക്കുന്നത്. ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് ഒരു ആംസ്റ്റര്‍ഡാം ആസ്ഥാനമായ സ്ഥാപനമാണ്, അത് വാണിജ്യ, ചരക്ക് ധനകാര്യമേഖലകളിലായി ഒമ്ബത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഷെട്ടി ‘ഇപ്പോള്‍ യു‌എഇയുടെ അധികാരപരിധിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നു’ എന്നും എമിറേറ്റ്‌സിലെ അദ്ദേഹത്തിന്റെ ‘ഗണ്യമായ’ സ്വത്തുക്കള്‍ ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

‘സാധാരണ ജീവിതച്ചെലവുകള്‍ക്കും നിയമോപദേശത്തിനും പ്രാതിനിധ്യത്തിനുമായി ന്യായമായ തുക’ ക്കായി ഓരോ ആഴ്ചയും 7,000 ഡോളര്‍ വരെ ചെലവഴിക്കാന്‍ ഉത്തരവ് അനുവദിച്ചിട്ടുണ്ടെന്ന് ഡിഐഎഫ്സി കോടതി രേഖ വ്യക്തമാക്കുന്നു. നിലവിലുള്ള വ്യവഹാര നടപടികളെക്കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് വ്യക്തമാക്കി.

1975 ല്‍ ബിആ ഷെട്ടി സ്ഥാപിച്ചതാണ് എന്‍‌എം‌സി ഹെല്‍‌ത്ത്കെയര്‍. ഒരൊറ്റ ആശുപത്രിയില്‍ നിന്ന് യു‌എഇയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്ററായി വളര്‍ന്നു, അതില്‍ 2,000 ഡോക്ടര്‍മാരും നഴ്സുമാര്‍ ഉള്‍പ്പടെ 20,000 സ്റ്റാഫുകളും ജോലി ചെയ്യുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്ബനിയുടെ മൂല്യം അതിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് 8.58 ബില്യണ്‍ ഡോളര്‍ (40 ദിര്‍ഹം) ആയിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള കമ്ബനികളില്‍ മുന്‍ എക്സിക്യൂട്ടീവുകളുടെ ഒരു ചെറിയ സംഘം നടത്തിയ തട്ടിപ്പിന് താന്‍ ഇരയാണെന്ന് ഏപ്രിലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഷെട്ടി പറഞ്ഞിരുന്നു. തന്റെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായും ഇടപാടുകള്‍ നടത്താതെ തന്നെ വ്യാജ ഒപ്പ് ഉപയോഗിച്ച്‌ വായ്പകള്‍, ചെക്കുകള്‍, ബാങ്ക് ഇടപാടുകള്‍ എന്നിവയും നടന്നതായി ഷെട്ടി പറഞ്ഞിരുന്നു.

ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് (ദുബായ്) ഡിഐഎഫ്സി കോടതികളില്‍ സമര്‍പ്പിച്ച അവകാശവാദത്തിന് മറുപടിയായി, എന്‍‌എം‌സി ട്രേഡിംഗിനോ എന്‍‌എം‌സി ഹെല്‍ത്ത് കെയറിനോ നല്‍കിയ വായ്പകള്‍ക്ക് വ്യക്തിപരമായി ഗ്യാരണ്ടി നല്‍കുന്നില്ലെന്നും വായ്പകള്‍ ഉറപ്പുനല്‍കുന്ന ചെക്കുകളില്‍ ഒപ്പുകള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.