ഇന്‍ഡോര്‍: നൂറു രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ പതിനാലുകാരന്‍ വില്‍പ്പനയ്ക്ക് വച്ച മുട്ടകള്‍ അധികൃതര്‍ തകര്‍ത്തത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പരസ് റെയ്കര്‍ എന്ന കുട്ടി വില്‍ക്കാന്‍ വച്ച മുട്ടകളാണ് അധികൃതര്‍ തട്ടിമറിച്ചത്.

ഇപ്പോഴിതാ, സംഭവം പുറത്തായതോടെ കുട്ടിക്ക് സഹായവാഗ്ദാനവുമായി പ്രമുഖരടക്കം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വീട് നല്‍കാമെന്നും വിദ്യാഭ്യാസച്ചെലവ് വഹിക്കാമെന്നുമൊക്കെ വാഗ്ദാനങ്ങളുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കുട്ടിക്കും കുടുംബത്തിനും വീട് നല്‍കാമെന്ന് ഇന്‍ഡോറിലെ ബിജെപി എംഎല്‍എ രമേശ് മെന്തോല പറഞ്ഞു. പരസിന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസച്ചെലവ് വഹിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പരസിന്റെ വീട്ടുകാര്‍ പറയുന്നു.