കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കി. ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കി. വിവിധ ചികിത്സ വിഭാഗത്തിലെ ഒപികളുടെ പ്രവര്‍ത്തനം ഭാഗികമാക്കി.

ന്യൂറോ പോസ്റ്റ് ഐസിയു , ഗ്യാസ്ട്രോ എന്‍്റോളജി, കമ്യൂണിറ്റി മെഡിസിന്‍ , സി ടി, എം ആര്‍ ഐ സ്കാന്‍ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്‍്റീനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.

ഡോക്ട‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ടെക്നീഷ്യന്‍മാര്‍ ഇങ്ങനെ കൊവി‍ഡ് വാര്‍ഡിന് പുറത്ത് ജോലി ചെയ്യുന്ന 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പരിയാരത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക ഉയര്‍ത്തുന്നത്. സമ്ബര്‍ക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവ‍ര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.

ഇതര രോഗങ്ങളുമായി എത്തുന്നവരില്‍ നിന്നാണോ അതോ ആരോഗ്യ പ്രവ‍ര്‍ത്തകരില്‍ നിന്നാണോ പരിയാരത്ത് വ്യാപനം ഉണ്ടാകുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ പ്രവര്‍‍ത്തക‍ര്‍ കൂട്ടത്തോടെ ക്വാറന്റീനില്‍ പോകേണ്ട സാഹചര്യം ആയതിനാല്‍ ആശുപത്രിയുടെ ദൈംനദിന പ്രവ‍ര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ പരിയാരത്തേക്ക് കൊണ്ടുവരണം എന്ന ആവശ്യവും ഉയരുന്നുണ്ട്.