സോള്‍: കോവിഡ്​-19 രോഗലക്ഷണങ്ങളുമായി ഒരാള്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതിനെത്തുടര്‍ന്ന്​ ഉത്തര കൊറിയയില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്​തമാക്കി.

ദക്ഷിണ കൊറിയയിലേക്ക്​ ഒളിച്ചോടിയ വ്യക്തി രോഗലക്ഷണങ്ങളുമായാണ്​ അതിര്‍ത്തി പ്രദേശമായ കേസോങിലേക്ക്​ ജൂലൈ 19നാണ്​​ മടങ്ങിയെത്തിയത്​. ഇതോടെ പ്രദേശം മുഴുവന്‍ അടച്ചിട്ടതിനൊപ്പം രോഗവ്യാപനം തടയാന്‍ അടിയന്തരാവസ്​ഥക്കും നേതാവ്​ കിം ജോങ്​ ഉന്‍ ഉത്തരവിട്ടതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട്​ ചെയ്​തു. മൂന്ന്​ വര്‍ഷത്തിന്​ ശേഷമാണ്​ ഇയാള്‍ നാട്ടിലേക്ക്​ മടങ്ങിയെത്തിയത്​.

സ്​ഥിതിഗതികള്‍ വിലയിരുത്തി ​പ്രദേശത്ത്​ അടിയന്തരാവ്​ഥ നടപ്പിലാക്കാനും രാജ്യത്ത്​ കടുത്ത ജാഗ്രത സംവിധാനം നടപ്പിലാക്കാനു​ം തീരുമാനിച്ചു. അതിര്‍ത്തി കടന്നെതതിയ വ്യക്തിക്ക്​ രോഗബാധ സ്​ഥിരീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ആദ്യ കോവിഡ്​ കേസ്​ ആകും ഇത്​.

കേസോങ്​ നഗരത്തില്‍ ഇയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും നഗരത്തില്‍ കഴിഞ്ഞ അഞ്ചു ദിവസം ഉണ്ടായിരുന്നവരെയും അന്വേഷിച്ചു വരികയാണ്​. ഇവരെ പരിശോധനക്ക്​ വിധേയമാക്കിയ ശേഷം ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കും വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ജനുവരിയില്‍ തന്നെ കോവിഡ്​-19 ചെറുക്കാനായി ഉത്തരകൊറിയയില്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തികള്‍ അടക്കുന്നതിനോടൊപ്പം ക്വാറന്‍റീന്‍ സൗകര്യങ്ങളും വിപുലപ്പെടുത്തി.