തിരുവനംന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച്‌ കസ്റ്റംസിന് വിവരം നല്‍കിയ ആളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. 30 കിലോ സ്വര്‍ണ്ണം പിടികൂടിയത് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കില്‍ 45 ലക്ഷം ലക്ഷം രൂപയാണ് കസ്റ്റംസ് നല്‍കുക. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടിയതാണെങ്കില്‍ 20 ലക്ഷം രൂപയാണ് പരമാവധി പാരിതോഷികം.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ വന്‍ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. എന്നാല്‍ വിവരം ആര് ചോര്‍ത്തി നല്‍കി എന്നത് ഇപ്പോഴും കസ്റ്റംസിന്‍റെ മാത്രം രഹസ്യമാണ്. വിവരം ചോര്‍ത്തി നല്‍കിയതാണെങ്കില്‍ ആ അദൃശ്യ വ്യക്തിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം.

ഒരു കിലോ സ്വര്‍ണ്ണം പിടികൂടിയാല്‍ വിവരം നല്‍കിയ ആള്‍ക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വര്‍ണ്ണമായതിനാല്‍ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കില്‍ 45 ലക്ഷം രൂപ ലഭിക്കും. പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്‍റെ അമ്ബത് ശതമാനം തുക ദിവങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് മുന്‍കൂര്‍ ആയി നല്‍കും.

കസ്റ്റംസിനെ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച്‌ വെക്കില്ല. പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്‍റെ കൈയ്യിലുണ്ടാകുക. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നല്‍കും. പണം നല്‍കുന്നത് കസ്റ്റംസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരാള്‍ ആയിരിക്കും. പണം കൈമാറുമ്ബോള്‍ പണം വാങ്ങുന്ന വ്യക്തിയുടെ മുഖം നോക്കാതെ വേണമെന്നാണ് ചട്ടം.

ചെക്കുകളും ഡ്രാഫ്റ്റുകളും പാരിതോഷികമായി നല്‍കില്ല. പകരം പണം തന്നെ നല്‍കും. എല്ലാം അത്രയും രഹസ്യമായിരിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്വര്‍ണ്ണം പിടിക്കുന്നതെങ്കില്‍ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും.

ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം വീതം വെച്ച്‌ നല്‍കും. എന്നാല്‍ ക്ലാസ് എ യില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികത്തിന് അര്‍ഹതയുണ്ടാകില്ല. കള്ളക്കടത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് സംഘം നല്‍കുന്നത്. എന്നാല്‍ വിവരദാതാവിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോലും കൈമാറില്ലെന്നാണ് കസ്റ്റസ് ചട്ടം.