ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ വീടുകളില്‍ കുരുങ്ങി മനസ്സുമടുത്തിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് നവോന്മേഷം പകരാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കഴിയുമെന്ന് മുന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീര്‍. കഴിഞ്ഞ 12 സീസണുകളേക്കാള്‍ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണാണ് യു.എ.ഇയില്‍ നടക്കാന്‍ പോകുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
ഐ.പി.എല്‍ എവിടെയാണ് നടക്കുന്നത് എന്നതൊന്നും വിഷയമല്ല. യു.എ.ഇയാണ് ഇത്തവണത്തെ വേദി. ഏതു ഫോര്‍മാറ്റിലുള്ള ക്രിക്കറ്റിനും യോജിച്ച വേദിയാണ് യു.എ.ഇ. മത്സരം നടക്കുന്നത് അവിടെയാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഐ.പി.എല്‍ രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ഏതു കളിക്കാരനാണ് കൂടുതല്‍ റണ്‍സ് നേടുന്നതെന്നോ, ആര്‍ക്കാണ് കൂടുതല്‍ വിക്കറ്റ് ലഭിക്കുന്നതെന്നോ, ഏതു ടീമാണ് കിരീടം നേടുന്നതെന്നോ ഒന്നും വിഷയമല്ല. രാജ്യത്തിന്റെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഐപിഎല്‍ വേദിയൊരുക്കും. ഇതുവരെ നടന്ന ഐ.പി.എല്ലുകളെ അപേക്ഷിച്ച്‌ വലിയൊരു ടൂര്‍ണമെന്റാണ് ഇക്കുറി നടക്കുക. കാരണം ഈ ഐ.പി.എല്‍ ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതിന് കൂടിയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിന്റെ ‘ക്രിക്കറ്റ് കണക്റ്റഡ്’എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.