കോട്ടയം: കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറ​ന്റൈനില്‍ പോയ കോട്ടയം കളക്ടര്‍ എം.അഞ്ജനയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കളക്ടര്‍ ഉള്‍പ്പെടെ കോവിഡ് ബാധിച്ച ജീവനക്കാരനുമായി സമ്പര്‍ക്കത്തില്‍ വന്ന 14 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്.

വ്യാഴാഴ്ചയാണ് കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായത്. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ അഞ്ജനയും എഡിഎം അനില്‍ ഉമ്മനും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ക്വാറ​ന്റൈനില്‍ പോയത്. ജീവനക്കാരന്‍ ഓഫീസില്‍ വന്ന് പോയിട്ട് ഒരാഴ്ചയായ പശ്ചാത്തലത്തില്‍ എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിനാണ് വിധേയരാക്കിയത്. ക്വാറ​ന്റൈനില്‍ പോയെങ്കിലും കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു.

അതേസമയം, കോട്ടയത്ത് ഇന്ന് 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 67 ​പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 ​പേര്‍ രോഗമുക്തരായിട്ടുമുണ്ട്. നിലവില്‍ 396 കോവിഡ് പോസിറ്റീവ് കേസുകളാണ് കോട്ടയം ജില്ലയിലുള്ളത്.