തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്കുകള്‍ പ്രഖ്യാപിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കും. കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത്. ജനറല്‍ വാര്‍ഡ് 2300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സക്ക് ഈടാക്കേണ്ട പ്രതിദിന നിരക്കുകള്‍. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികള്‍ക്കും, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമാണ്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.