ന്യൂയോര്‍ക്ക്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകരര്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. കേരളത്തിലും കര്‍ണ്ണാടകത്തിലുമാണ് ഐ എസ് ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ എസ്, അല്‍ ഖ്വയ്ദ, ഇവരുമായി ബന്ധമുള്ള വ്യക്തികള്‍ തുടങ്ങിയവരെ കുറിച്ച്‌ പ്രതിപാദിപ്പിക്കുന്ന അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിംഗ് ടീമിന്റെ 26ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്.

ഇന്ത്യ പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുളള 200 അംഗങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള അല്‍ ഖ്വയ്ദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അ ഫ്ഗാനിസ്താന്‍ കേന്ദ്രീകരിച്ച്‌ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താലിബാന് കീഴിലാണ് അല്‍ ഖ്വയ്ദ പ്രവര്‍ത്തിക്കുന്നത്. മുന്‍ അല്‍ ഖ്വയ്ദ തലവനായ അസിം ഉമര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഒസാമ ഈ സ്ഥാനത്ത് എത്തിയത്. ഉമറിന്റെ മരണത്തിന് പകരം വീട്ടാനാണ് ഇവര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയില്‍ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ ആയിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രഖ്യാപനം.പുതിയ പ്രവിശ്യക്ക് ‘വിലായ ഹിന്ദ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.