ന്യൂഡല്‍ഹി: രാജസ്​ഥാനിലെ കൂറു മാറിയ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന കേസില്‍ അസാധാരണ നടപടിയുമായി ഹൈകോടതി. താനടക്കമുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത സച്ചിന്‍ പൈലറ്റിന്റെ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെ രാജസ്ഥാന്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തു. സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി കേന്ദ്രസര്‍ക്കാരിനേയും കക്ഷി ചേര്‍ത്തത്. കേന്ദ്രത്തി​​ന്റെ വാദം കേട്ടതിനു ശേഷം ഈ വിഷയത്തില്‍ വിധിപറയാമെന്ന്​ ഹൈകോടതി പറഞ്ഞു.

കോടതി കീഴ്​വഴക്കമനുസരിച്ച്‌​ വിധി പ്രസ്താവത്തിന്​ മാറ്റിവെച്ച ഒരു കേസില്‍ മറ്റുള്ളവരെ കക്ഷിചേര്‍ക്കല്‍ അസാധാരണ നടപടിയാണ്​. ഇതോടെ വിധി പ്രസ്​താവം നീളുമെന്ന്​ ഉറപ്പായി. മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടി​നെ​തി​രെ പ​ട ന​യി​ക്കു​ന്ന സ​ചി​ന്‍ പൈ​ല​റ്റി​ന്​ ഇ​ട​ക്കാ​ലാ​ശ്വാ​സമാവും വിധി.

നേരത്തെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

അതേസമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹരജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.