ന്യൂഡല്‍ഹി: രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ ആശുപതി വിട്ടത് 34,602 പേര്‍ ആണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം എട്ടു ലക്ഷത്തിനു മുകളില്‍ ആയി.

നിലവില്‍ രോഗമുക്തരുടെ എണ്ണം 8,17,208 ആണ്. രോഗമുക്തി നിരക്ക് പുതിയ ഉയരങ്ങളില്‍ എത്തി. രാജ്യത്തെ രോഗമുക്തി നിരക്ക് 63.45 ശതമാനമായിട്ടാണ് ഉയര്‍ന്നത്. രോഗമുക്തരും ചികില്‍സയിലുള്ളവരും (നിലവില്‍ 4,40,135) തമ്മിലുള്ള അന്തരം 3,77,073 ആയി വര്‍ധിച്ചു.

കൂട്ടായ ശ്രമങ്ങളുടെ ഫലമായി രാജ്യത്തെ കൊവിഡ് മരണനിരക്കും കുറയുകയാണ്. നിലവില്‍ 2.38% ആണ് രാജ്യത്തെ മരണനിരക്ക്. പത്തുലക്ഷം പേരെ കണക്കാക്കിയാല്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുളള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിരന്തരമായ പരിശ്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന, കാര്യക്ഷമമായ ചികില്‍സ എന്നിവ ഉറപ്പാക്കുന്നതുമൂലം സ്ഥിരമായി രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.