മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ജില്ലാതല സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം തീരുമാനിച്ചു.

  • ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 10 വരെ കണ്ടെയിന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
  • ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്‌സല്‍ നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല.
  • കണ്ടെയിന്‍മെന്‍റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും.
  • ഇറച്ചി, മത്സ്യകടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ ഇവിടങ്ങളില്‍ പൊലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ പരിശോധന നടത്തും.
  • തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും.
  • ദുരന്തനിവാരണത്തിന്‍റെ ഭാഗമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
  • ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക യൂനിഫോം നല്‍കും.

ആരോഗ്യജാഗ്രതാ ലംഘനം; ജില്ലയില്‍ എട്ട് പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ എട്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി എട്ട് പേരെ അറസ്റ്റു ചെയ്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,128 ആയി. 6,277 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,658 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 237 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 14,000 രൂപ പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.