കൊച്ചി: എറണാകുളം ജില്ലയിലെ കെയര്‍ ഹോമുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന വ്യാപകമാക്കാന്‍ തീരുമാനം. തൃക്കാക്കരയിലെ കരുണാലയത്തില്‍ 43 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. സന്പര്‍ക്കത്തിലൂടെ രോഗം കൂടുന്നതിന്‍റെ ആശങ്കയിലാണ് മധ്യകേരളത്തിലെ മറ്റ് ജില്ലകളും.

തൃക്കാക്കരയിലെ കരുണാലയത്തിലെ അന്തേവാസി കൊവിഡ് ബാധിച്ച്‌ മരിച്ചതോടെയാണ് ഇവിടുത്തെ മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയത്. ആകെയുള്ള 143 പേരില്‍ 43 പേര്‍ക്കും രണ്ട് ദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കൂടുതലും കിടപ്പ് രോഗികളും. ഇതോടെ കരുണാലയം കൊവിഡ് ആശുപത്രിയുടെ തലത്തിലേക്ക് ഉയര്‍ത്തി.

എറണാകുളത്ത് ഇന്ന് 69 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമായി തുടരുന്ന ആലുവ ക്ലസ്റ്ററില്‍ 15 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ചെല്ലാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ചെല്ലാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നാണ് വിലയിരുത്തല്‍.