ന്യൂഡല്‍ഹി : ആളുകള്‍ കൂട്ടം കൂടി നിന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ടില്‍ നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും കോവിഡ് ചട്ടങ്ങള്‍ പാലിച്ചായിരിക്കും നടത്തുക. ഇങ്ങനെയൊക്കെയെങ്കിലും പ്രൗഡിയിലും ഉത്സാഹത്തിലുമൊന്നും യാതൊരു കുറവും വരാത്ത രീതിയിലായിരിക്കും ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുക.കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാഹചര്യത്തിനനുസരിച്ച രീതിയില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.കൊറോണ വൈറസിനെതിരെ നമുക്ക് വേണ്ടി പൊരുതുന്ന ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആഘോഷ ചടങ്ങില്‍ പ്രത്യേകം ഓര്‍ക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജില്ലാ-ബ്ലോക്ക്‌-പഞ്ചായത്ത് മേഖലകളില്‍ ആഗസ്റ്റ് 15 ന് ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.