കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്ബരയായിരുന്നു കൂടത്തായി കേസ്. 14 വര്‍ഷം കൊണ്ട് തന്റെ കുടുംബാംഗങ്ങളെ നിഷ്‌കരുണം വകവരുത്തിയ കൂടത്തായി കൊലക്കേസിലെ പ്രതി ജോളിയെ പിടികൂടിയത് കെ.ജി. സൈമണ്‍ എന്ന അതിപ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃപാടവത്തിലായിരുന്നു. എന്നാല്‍ വൈകാരികമായി തന്നെ ഏറ്റവും വിഷമിപ്പിച്ചത് കൂടത്തായി ആയിരുന്നില്ലെന്ന് പറയുകയാണ് കെ.ജി സൈമണ്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളപൊലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയായ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘കൂടത്തായി കേസാണ് ഞാന്‍ അന്വേഷിച്ചതില്‍ ഏറ്റവും ക്രൂരമായ കൊലപാതകം. പക്ഷേ ഏറെ വൈകാരികമായി വിഷമിപ്പിച്ച ക്രൂരമായ കൊലപാതകം കട്ടപ്പന ഡി വൈ എസ് പിയായിരുന്ന സമയത്ത് വണ്ടിപ്പെരിയാറില്‍ നടന്നതാണ്.

വീട്ടില്‍ അച്ഛനും സഹോദരനും ഇല്ലാതിരുന്ന രാത്രി അതിക്രമിച്ചു കടന്ന പ്രതികളുടെ പദ്ധതി സുഖമില്ലാതെ കിടന്നിരുന്ന അമ്മയേയും 22കാരിയായ മകളെയും അടിച്ചുകൊലപ്പെടുത്തിയ ശേഷം ബലാത്‌സംഗം ചെയ്യലായിരുന്നു. അടിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നില്ല.ആദ്യ ബലാത്സംഗം കഴിഞ്ഞ് ഉണര്‍ന്ന അവള്‍ പ്രതിയോട് പറഞ്ഞു,​ മരിച്ചാലും എന്റെ ശരീരത്തില്‍ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കില്ലെടാ….എന്ന്.

അടിയുടെ ആഘാതത്തില്‍ അവിടെ നടന്നതൊക്കെ അവള്‍ മറന്നു പോയിരുന്നു. ഇതുകേട്ടപ്പോള്‍ അയാള്‍ ഇരുമ്ബ് ആയുധം കൊണ്ട് വീണ്ടുമടിച്ച്‌ മരണം ഉറപ്പാക്കിയ ശേഷം വീണ്ടും ബലാത്സംഗം ചെയ‌്തു. പിറ്റേന്ന് വെളുപ്പിന് അവളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ദേഹത്താകെ ചോര പുരണ്ട നിലയില്‍ തുറന്നുകിടന്ന വാതിലിലൂടെ മുറ്റത്തെത്തിയതു കണ്ട ആളാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ‌്തത്.

പത്തുപേരടങ്ങുന്ന ടീം രൂപീകരിച്ചു. പിറ്റേന്നു തന്നെ പൊലീസ് പ്രതിയെ പിടിച്ചു. ചോദ്യം ചെയ്യുന്നതിനിടയ്‌ക്ക് പ്രതി തന്നെയാണ് പെണ്‍കുട്ടിയുടെ അവസാന വാക്കുകള്‍ എന്നോട് പറഞ്ഞത്’.