കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കരുതെന്ന് കേസിലെ പരാതിക്കാര്‍ പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റു കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹര്‍ജിക്കാരായ ഏലൂര്‍ സ്വദേശി എ.എ.പൗലോസും, റാന്നി സ്വദേശിയും മുന്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ ജയിംസ് മാത്യുവും തടസവാദം ഉന്നയിച്ചത്.

മോഹന്‍ലാല്‍ അനധികൃത ആന ക്കൊമ്പു അനുമതിയില്ലാതെ കൈവശംവച്ചത് തെറ്റാണെന്ന് കണ്ടെത്തിയിട്ടും മുന്‍കാല പ്രാബല്യത്തോടെ ക്രമപ്പെടുത്തിയ മുഖ്യവനപാലകന്റെ നടപടി നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

സര്‍ക്കാര്‍ അപേക്ഷയുടെ പകര്‍പ്പ് വനം വകുപ്പിന് കൈമാറാന്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.

ആനക്കൊമ്ബ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി സമന്‍സയക്കുകയും ചെയ്‌തിരുന്നു.

ആനക്കൊമ്ബ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബര്‍ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്ബ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.