കൊച്ചി: മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹനക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീര പ്രദര്‍ശനം കുറ്റകരമാണന്നും രഹനക്കെതിരെ പോക്സോ വകപ്പുകള്‍ നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ. വ്യത്യസ്തമായ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല. ഹര്‍ജി തള്ളിയത് നിരാശാജനകമാണെന്നും സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും രഹ്ന കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെയാണ് ഹൈക്കോടതി രഹ്ന ഫാത്തിമയുടെ ഹര്‍ജി തള്ളിയത്. മക്കളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തി സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതാണ് രഹ്നയ്‌ക്കെതിരായ കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ, നഗ്‌നതാ പ്രദര്‍ശനത്തില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു. ഹൈക്കോടതിയിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.സ്വന്തം കുട്ടിയെ വച്ച്‌ എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രഹ്നയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ മാസമാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്‌ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.