തിരുവനന്തപുരം : നിയമസഭാ സമ്മേളനം മാറ്റിവച്ചത് പ്രതിപക്ഷവുമായി ആലോചിച്ചാണെന്ന് മന്ത്രി എ.കെ ബാലന്‍. ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നതാണ്. ഒരു തവണ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായും സംസാരിച്ചിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് ഉചിതമാകില്ലെന്ന് ഇവരെ അറിയിച്ചിരുന്നു. പ്രതിപക്ഷത്തെ പേടിച്ചിട്ടാണ് നിയമസഭാസമ്മേളനം മാറ്റിയത് എന്ന് പറയുന്നത് കടുംകൈയാണ്. ഞങ്ങള്‍ക്ക് അങ്ങനെ പേടിക്കേണ്ട ഒരു പ്രശ്‌നവുമില്ല. ഈ വിധത്തില്‍ പറഞ്ഞത് ശരിയായിരുന്നില്ല എന്നാണ് പറയാനുള്ളതെന്നും എ.കെ ബാലന്‍ പറഞ്ഞു.

അവിശ്വാസപ്രമേയം വന്നാല്‍ നേരിടാന്‍ ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ടെന്ന് മന്ത്രി പറഞ്ഞു. കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂവെന്നും എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.

നിയമസഭ സമ്മേളനം മാറ്റിയതില്‍ പ്രതിഷേധവും അതൃപ്തിയും അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ താത്പര്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.