രാജ്യത്ത് ആദായ നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സൗദി അറേബ്യ തള്ളി. ആദായ നികുതി സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്. ക്യാബിനറ്റിലോ മറ്റേതെങ്കിലും വേദികളിലോ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഒരു വാര്‍ത്താ ഏജന്‍സിക്ക് സൗദി ധനകാര്യ മന്ത്രി നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ആദായ നികുതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉണ്ടായത്. രാജ്യത്ത് ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് അറിയിച്ച ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദാന്‍, ഭാവിയില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആദായ നികുതി ഒരു സാമ്പത്തിക സാധ്യതയായി ആഗോള തലത്തില്‍ തന്നെ പരിഗണിക്കപ്പെടുന്ന കാര്യം സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. ക്യാബിനറ്റിലോ മറ്റേതെങ്കിലും കമ്മിറ്റികളിലോ ഇത്തരമൊരു നിര്‍ദേശം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.