തിരുവനന്തപുരം :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ആവശ്യമുണ്ടെന്നും ഇതിനായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഡോക്ടര്‍മാര്‍ മുതല്‍ വളണ്ടിയര്‍മാര്‍ വരെ ഉള്‍പ്പെടുന്ന സേന എന്ന നിലയിലാണ് കോവിഡ് ബ്രിഗേഡിനെ കാണേണ്ടത്. കോവിഡ് ബ്രിഗേഡ് സംവിധാനമാണ് സിഎഫ്‌എല്‍ടിസി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സംയോജിതമായ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതിയാണ് തയ്യാറാക്കുന്നത്.

ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അവര്‍ക്ക് പ്രവര്‍ത്തനത്തിനിടെ രോഗം ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കും. അതിനുപുറമെ അവര്‍ക്ക് ലഭിക്കുന്ന വേതനം കാലാനുസൃതമായി നിശ്ചയിക്കും. ആനുപതികമായ വര്‍ധനവും ഉണ്ടാകും.
കോവിഡ് ബ്രിഗേഡില്‍ ഉള്‍പ്പെടുന്ന എല്ലാ കരാര്‍ ജീവനക്കാര്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ നല്‍കും. പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പഞ്ചായത്തുകള്‍ തന്നെ താമസസൗകര്യം നല്‍കും. സിഎഫ്‌എല്‍ടിസികളില്‍ സ്രവം പരിശോധിക്കാനുള്ള ഉപകരണം സ്ഥാപിക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സര്‍ട്ടിഫിക്കറ്റ് നല്‍കും.

നിലവില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കും. ഗ്രേഡ് 4 കാറ്റഗറിയിലുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 450 രൂപ പ്രതിദിന പ്രതിഫലം 1000 രൂപയാക്കി വര്‍ധിപ്പിക്കും.