പിറന്നാള്‍ ദിനത്തില്‍ സൂര്യ ഫാന്‍സിന് ഒരു സന്തോഷ വാര്‍ത്ത. വെട്രിമാരനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വാടി വാസല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കാലൈപുള്ളി എസ് താനുവാണ്.

വാടിവാസല്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ഇതാദ്യമായാണ് വെട്രിമാരനും സൂര്യയും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വട ചെന്നൈ, അസുരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസല്‍. തമിഴ്നാട്ടില്‍ പ്രശസ്തമായ ജല്ലിക്കട്ടിനെ ആസ്പദമാക്കിയാണ് ചിത്രം.

ഹരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം അരുവായ്ക്ക് ശേഷമാകും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. സൂര്യയും ഹരിയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് അരുവാ.

സൂരാരി പോട്ര് ആണ് സൂര്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് മുടങ്ങിക്കിടക്കുകയാണ്.