തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പ്പറേഷനില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. തലസ്ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുകയാണ്.
ഏഴ് ഡോക്ടര്‍മാരടക്കം 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകള്‍ നീട്ടി. 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. ഇവിടെ മറ്റു രോഗങ്ങള്‍ക്ക് ചികില്‍സ തേടാനെത്തിയവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് ബാധിച്ചു.

നഗരത്തില്‍ ഇന്ന് രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ‍ ഡ്രൈവര്‍ക്കും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ മാത്രം 25 പൊലീസുകാരാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം ചാല, കരിമഠം ഭാഗങ്ങളില്‍ നടത്തുന്ന ആന്‍റിജന്‍ പരിശോധനകളില്‍ കൂടുതല്‍ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ് വിവരം. ഇവിടെ ഇന്നും പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. തീരദേശമേഖലയിലും ആശങ്ക തുടരുകയാണ്.