ഖത്തര്‍ മേല്‍വിലാസ രജിസ്ട്രേഷന്‍ സേവന കേന്ദ്രങ്ങള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒനൈസ, അല്‍ ഷഹാനിയ, അല്‍ ദായേന്‍, അല്‍ ഖോര്‍, ഷമാല്‍, ഉം സലാല്‍ എന്നീ പ്രധാന ഭാഗങ്ങളിലെ എം.ഒ.ഐ ഓഫീസുകളാണ് വെള്ളി ശനി ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുക.

ഈ കേന്ദ്രങ്ങളില്‍‌ നേരിട്ടെത്തി ജനങ്ങള്‍ക്ക് മേല്‍വിലാസ രജിസ്ട്രേഷന്‍ നടത്താം. രാവിലെ എട്ട് മുതല്‍ 12 മണിവരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ്, മെട്രാഷ് ടു ആപ്പ് തുടങ്ങിയവ വഴി ഓണ്‍ലൈനായും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാം.

ജനുവരി 27 മുതല്‍ ജൂലൈ 26 വരെയുള്ള ആറ് മാസത്തെ സമയപരിധിയാണ് ദേശീയ മേല്‍വിലാസ രജിസ്ട്രേഷന്‍ പൂര‍്ത്തികരിക്കുന്നതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിയിരുന്നത്.ഈ കാലാവധി വരുന്ന ഞായറാഴ്ച്ച അവസാനിക്കാനിരിക്കെയാണ് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവരെ സഹായിക്കുന്നതിനായി വരുന്ന വാരാന്ത്യ അവധി ദിനങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ സേവന കേന്ദ്രങ്ങള്‍ തുറന്നിടുന്നത്.