തിരുവനന്തപുരം : കേരളത്തില്‍ സ്ഥിതി അതീവഗുരുതരം, സംസ്ഥാനം നീങ്ങുന്നത് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്കാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പക്ഷേ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി. എല്ലാകാര്യങ്ങളും പരിശോധിച്ച്‌ തീരുമാനമെടുക്കും. കീം പരീക്ഷ കഴിഞ്ഞു ഗേറ്റിനു പുറത്ത് തടിച്ചു കൂടിയതിനു വിദ്യാര്‍ഥികള്‍ ഉത്തരവാദികളല്ലെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച്‌ ഇറങ്ങുമെന്ന് ഊഹിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കും.

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഒമ്പത് പേര്‍ വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച സ്ഥിരീകരിച്ച 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴിയാണ്മ. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല; 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു.

അതേസമയം, സംസ്ഥാനത്താകെ ബുധനാഴ്ച 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.