റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ അതിവേഗം ഉയരുകയാണ്. നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെയാണ് പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായത്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടെങ്കിലും മരണനിരക്ക് പിടിച്ച്‌ നിര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.ആളുകള്‍ സ്വാഭാവിക ജീവതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയരുകയാണ്.

കുവൈറ്റ്

കൊവിഡ് തിരിച്ചടിയില്‍ നിന്നും രക്ഷനേടാന്‍ ശ്രമം തുടരുകയാണെങ്കിലും കുവൈറ്റില്‍ കൊവിഡ് മരണങ്ങള്‍ തുടരുകയാണ്. ഇന്ന് 671 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധ 60,434 ആയി. 395 സ്വദേശികള്‍ക്കും 276 വിദേശ പൗരന്മാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 50,919 ആയി.ഇന്ന് കൊവിഡ് ബാധിച്ച്‌ നാലുപേരാണ് മരിച്ചത്. ആകെ മരണസംഖ്യ 412 ആയി. ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ഒമാന്‍

ഒമാനില്‍ കൊവിഡ് കേസുകള്‍ക്കൊപ്പം മരണസംഖ്യയും ഉയരുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,000 കടക്കുമെന്ന് വ്യക്തമായി.

രാജ്യത്ത് ഇതിനകം 337 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാനില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലായ് 25 മുതല്‍ 15 ദിവസത്തേക്ക് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ഈ ദിവസങ്ങളില്‍ വൈകീട്ട് 7 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രകള്‍ക്കും പൊതു സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്.നഗരത്തിലും പുറത്തും പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം തുടരുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ തിരിച്ചടിയാകുമെന്ന ആരോപണം ശക്തമാണ്.

സൗദി അറേബ്യ

സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2,55,825 കൊവിഡ് ബാധിതരില്‍ 2,07,259 പേരും സുഖം പ്രാപിച്ചു. ഇന്ന് മാത്രം 4,000 പേരാണ് രോഗമുക്തി നേടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.കൊവിഡ് പരിശോധനകള്‍ രാജ്യത്ത് വര്‍ധിപ്പിച്ചെന്നും സംശയം തോന്നുന്നവരില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.