മുംബൈ : മുംബൈയില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ വ്യാപകമായി കാവസാക്കി രോഗം കണ്ടെത്തി.മുംബൈയിലെ വാടിയ ആശുപത്രിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പതിനെട്ടോളം കുട്ടികളിലാണ് കാവസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടത്.ശരീരമാസകലം രക്തകുഴലുകള്‍ ചുവന്ന് തുടുക്കുന്ന കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടെത്തിയതോടെ മുംബൈയിലെ ആരോഗ്യവിദഗ്ധര്‍ ആശങ്കയിലാണ്.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാകുന്നതാണ് കാവസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണം.രോഗം ബാധിച്ച അറുപതു ശതമാനം കുട്ടികളിലും കണ്ണ് ചുവന്നിരിക്കുകയും ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ.അമീഷ് വോറ വ്യക്തമാക്കി.അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെയായിരിക്കും ഈ രോഗം കൂടുതലായി ബാധിക്കുക.മുംബൈയില്‍ കൂടാതെ ചെന്നൈ, ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.