മുംബൈ: മുംബൈയില്‍ ബസ് സര്‍വീസുകള്‍ രാവിലെ മുതല്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മുംബൈ സബര്‍ബന്‍ നെറ്റ്‌വര്‍ക്കിലെ നല്ലസൊപര റെയില്‍വേ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതം ആളുകള്‍ തടസപ്പെടുത്തി. ബസുകളില്‍ യാത്ര ചെയ്‌തിരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റ് മേഖലകളിലെ തൊഴിലാളികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു. നല്ലസൊപര റെയില്‍വേ സ്റ്റേഷനില്‍ ചില യാത്രക്കാര്‍ സ്ലോ ട്രാക്കുകളില്‍ ഇറങ്ങി ട്രെയിന്‍ ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ പ്രാദേശിക ട്രെയിനുകളിലും ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.