ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനം ലോകത്തെമ്പാടും പ്രത്യേകിച്ച് അമേരിക്കയിൽ രൂക്ഷമായിരിക്കുകയും സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന കൺവൻഷനോ, തെരഞ്ഞെടുപ്പോ നടത്തുന്നത് അമേരിക്കയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ , സാഹചര്യം അനുകൂലമാകുന്ന അവസസരത്തിൽ ജനറൽ യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ട ശേഷമായിരിക്കുമെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ , സെക്രട്ടറി ടോമി കൊക്കാട്ട്, കൺ വൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. യു.എസ് ഗവൺമെന്റ് അനുശാസിക്കുന്ന കൊറോണ പ്രതിരോധ നിയന്ത്രണ നിയമങ്ങൾ ഔചിത്യബോധത്തോടെ പിൻതുടരാൻ ഓരോ പ്രവാസിയും ബാധ്യസ്ഥനായിരിക്കുമ്പോൾ ഫൊക്കാനയും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സമയമാണിത്. ഈ സന്ദർഭത്തിൽ ഫൊക്കാന തെരഞ്ഞെടുപ്പും കൺവൻഷനും നടത്തുന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. സംഘടനയെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തിയ ബോധപൂർവ്വമായ ശ്രമമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. .

കോവിഡ് മഹാമാരി ലോക ജനതയെയാകെ നിലനില്പിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്ന പശ്ചാത്തലം മദമാത്സര്യങ്ങൾക്കുള്ള തല്ല, ദുരിതമനുഭവിക്കുന്ന വർക്ക് സഹായങ്ങളും സേവനങ്ങളും നൽകേണ്ട സന്ദർഭത്തിൽ ആഘോഷ ങ്ങളും മത്സരങ്ങളും നടത്തുന്നത് അനുചിതവും അധാർമ്മികതയുമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫൊക്കാന ഒട്ടേറെ പ്രതിരോധ കാരുണ്യ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഫൊക്കാന നിർവഹിച്ചു വരുന്ന സന്നദ്ധ ക്ഷേമ സേവന പ്രവർത്തനങ്ങളെ പ്രവാസി സമൂഹവും അധിവാസ രാഷ്ട്രവും മാതൃരാജ്യത്തെ ഭരണകൂടവും ശ്ലാഘിക്കുമ്പോൾ പ്രസ്ഥാനത്തിന് ഉള്ളിൽ നിന്ന് ന്യൂനപക്ഷമായ ചില തല്പരകക്ഷികൾ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്നതും അനധികൃതവും അനൗദ്യോഗിക വുമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അവരുടെ പുറപ്പാടും ഫൊക്കാനയുടെ യശസ്സിന് കളങ്കം ചാർത്താൻ മാത്രമേ ഉപകരിക്കു.

ഫൊക്കാനയുടെ ഔദ്യോഗിക ഭരണ നിർവഹണം നടത്തുന്നത് എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് എന്നിവ ചേർന്നാണ്. ഇതിൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. നാഷണൽ കമ്മിറ്റി ഒരു വിശാല അംഗത്വ സമിതിയാണ്. ഇതിൽ എക്സിക്യൂട്ടീവ് അംഗങ്ങളും ട്രസ്റ്റി ബോർഡ് ചെയർമാൻ – സെക്രട്ടറി, നാഷണൽ കമ്മിറ്റി അംഗങ്ങൾ , റീജിയണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ ചേർന്ന മൂന്ന് സമിതികളും ഉൾപ്പെടുന്നു. ഫൊക്കാന ഭരണ ഘടന പ്രകാരം ജനറൽ കൗൺസിൽ (ഓരോ സംസ്ഥാനത്തെയും പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി ) ആണ് സംഘടനാ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടതും മറ്റ് സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതും. ഫൊക്കാന ബൈ ലാ പ്രകാരം പ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ സ്വസാന്നിധ്യത്തിലൂടെ മാത്രമേ വോട്ടുരേഖപ്പെടുത്താനാകൂ.

കൊറോണ വൈറസ് വ്യാപനത്തോടനുബന്ധിച്ചുള്ള നിയന്ത്രണ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ജനറൽ കൗൺസിൽ ചേരുവാനോ തീരുമാനങ്ങൾ എടുക്കുവാനോ, തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടപ്പാക്കാനോ കഴിയാത്ത സാഹചര്യത്തിൽ ഫൊക്കാനയുടെ നിയമാവലി അനുസരിച്ച് നാഷണൽ കമ്മിറ്റിയാണ് അടുത്ത നിർവഹണ അധികാര കേന്ദ്രം. ഫൊക്കാന ട്രസ്റ്റി ബോർഡിന്റെ കർത്തവ്യം നിലനിൽക്കുന്ന നിയമാവലിയും വ്യവസ്ഥകളും നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുക എന്നതുമാത്രമാണ്. അലിഖിതമായ മറ്റ് അധികാരങ്ങളൊന്നും തന്നെ ട്രസ്റ്റി ബോർഡിൽ നിക്ഷിപ്തമല്ല.

മഹാമാരിയുടെ ഇക്കാലത്ത് ആഘോഷങ്ങളും കൺവൻഷനും തെരഞ്ഞെടുപ്പും ഒഴിവാക്കി മൂന്ന് മാസങ്ങൾക്ക് ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കാമെന്നാണ് നാഷണൽ കമ്മിയിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഏക കണ്ഠമായി തീരുമാനിച്ചത്. എന്നാൽ ട്രസ്റ്റി ബോർഡിലെ ചില അംഗങ്ങൾ ഉപരി സമിതികളുടെ അംഗീകാരമോ, അറിവോ ഇല്ലാതെ അനധികൃതമായി ഫൊക്കാനയിൽ തെരഞ്ഞെടുപ്പ് നടത്താൻ ശ്രമം നടത്തിയിരിക്കുകയാണ്. ഇതിനെതിരെ ഫൊക്കാന നാഷണൽ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. മാത്രമല്ല വിമത ശബ്ദമുയർത്തിയ ട്രസ്റ്റി ബോർഡ് അംഗങ്ങളെ അനുരഞ്ജന സംഭാഷണത്തിനും ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏഴ് നിർദ്ദേശങ്ങൾ ഫൊക്കാന ഔദ്യോഗിക നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഭിന്നിപ്പിന്റെ വക്താക്കൾക്ക് മുന്നോട്ടു വയ്ക്കുവാനോ അവതരിപ്പിക്കുവാനോ വാദഗതികൾ ഒന്നും തന്നെ ഇല്ലായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗതീരുമാനങ്ങൾ എല്ലാം വ്യക്തമായി തന്നെ അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
സംഘടനയ്ക്ക് പുതിയ ഭാരവാഹികൾ വരുന്നതു വരെ സംഘടനാ കാര്യങ്ങൾ സുതാര്യമായി തന്നെ നിലവിലെ സാരഥികൾ നോക്കി നടത്തുമെന്ന് പ്രസിഡന്റ്, സെക്രട്ടറി, കൺവൻഷൻ ചെയർമാൻ എന്നിവർ അറിയിച്ചിട്ടുള്ളതാണ്.

നേരത്തെ സൂചിപ്പിച്ച പ്രകാരം കൺവൻഷനും തെരഞ്ഞെടുപ്പും നടത്തുന്നതിന് സെപ്തബറിൽ ജനറൽ കമ്മിറ്റി വിളിച്ച് നടപടികൾ സ്വീകരിക്കും. ഇതിനിടയിൽ ഫൊക്കാന ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കൊറോണ പ്രതിരോധ സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും.ഫെക്കാനയുടെ ഔദ്യോഗിക സെക്രട്ടറിയും പ്രസിഡന്റും ഭാരവാഹികളും ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ പ്രസ്ഥാനത്തിൽ വിഭാഗീയത സൃഷ്ടിച്ച് അനധികൃതമായി തെരഞ്ഞെടുപ്പ് നടത്താനാണ് അധികാരമില്ലാത്ത ട്രസ്റ്റി ബോർഡിലെ ചില അംഗങ്ങളുടെ നീക്കം. ഇവരുടെ നീക്കം ഫൊക്കാനയെന്ന മഹനീയ പ്രസ്ഥാനത്തെ സമൂഹത്തിന് മുന്നിൽ കളങ്കപ്പെടുത്തുവാനാണ്.

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ സന്ദർഭത്തിൽ മത്സരത്തിനും വിഭാഗീയതയ്ക്കും വേണ്ടിയുള്ള ട്രസ്റ്റ് ബോർഡ് അംഗങ്ങളുടെ നീക്കം പ്രവാസി സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. യു എസിലെ മലയാളി സമൂഹത്തെയും മാതൃ സംഘടനയായ ഫൊക്കാനയേയും കരി തേക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം. അതേസമയം ഫൊക്കാനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സംഘടനയുടെ കീഴിലുള്ള മെംബർ അസോസിയേഷനുകൾ ഓഗസ്റ്റ് 15 ന് അകം അംഗത്വം പുതുക്കേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസിഡന്റ് ബി മാധവൻ നായർ , സെക്രട്ടറി ടോമി കോക്കാട് ,കൺവെൻഷൻ ചെയര്മാന് ജോയ് ചാക്കപ്പൻ ,എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, എബ്രഹാം കളത്തിൽ, ഡോ.സുജ ജോസ്, വിജി നായർ, അലക്സ്‌, ഷീലാ ജോസഫ് എന്നിവർ തീരുമാനങ്ങൾ അറിയിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഫൊക്കാനയുടെ ഔദ്യോഗിക നിലപാടുകളാണ് ഈ പത്രസമ്മളേണത്തിലൂടെ നിങ്ങളുടെ മുന്നിലേയ്ക്ക് എത്തിക്കുന്നത്. മാധ്യമങ്ങളിൽ അനദ്ധ്യോഗികമായി ലഭിക്കുന്ന വാർത്തകൾ ദയവു ചെയ്‌തു പ്രസിഡികരിക്കരുത് എന്നും ഈ അവസരത്തിൽ ഞങ്ങൾ താഴ്മയായി അഭ്യര്ധിക്കുകയാണ് .