അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ട്വിറ്റര്‍ ഇന്ത്യ എന്നിവര്‍ക്കെതിരെ സുപ്രീംകോടതി ജുഡാഷ്യറിയെ അവഹേളിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച്‌ സ്വമേധയാ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ബുധനാഴ്ച വാദം കേള്‍ക്കും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ഭൂഷണ്‍ കഴിഞ്ഞ മാസം മൈക്രോ ബ്ലോഗിംഗ് സൈറ്റില്‍ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരെ നടപടികള്‍ വരാന്‍ ഇടയാക്കിയിരിക്കുന്നത്.

ഔപചാരിക അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 വര്‍ഷത്തെ പങ്ക് അവര്‍ അടയാളപ്പെടുത്തുമെന്ന് അദ്ദേഹം ജൂണ്‍ 27 ന് ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കഡ്ജു നമ്മുടെ ജനാധിപത്യം ജാതി, സാമുദായിക വോട്ട് ബാങ്കുകളെ അടിസ്ഥാനമാക്കിയുള്ള ഒരു തട്ടിപ്പായിരുന്നു എന്നായിരുന്നു പ്രതികരിച്ചത്. നിരവധി പേര്‍ അദ്ദേഹത്തിന്റെ ട്വീറ്റിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്.

പ്രശാന്ത് ഭൂഷണ്‍ നേരത്തെയും ജുഡീഷ്യറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ കോവിഡ്- 19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ അദ്ദേഹം അടുത്തിടെ ഹൈക്കോടതിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഭീമ-കൊറെഗാവ് കേസില്‍ പ്രതികളായ വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയ ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ചികിത്സയെക്കുറിച്ചും അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞു.

അതേസമയം ഭൂഷന്റെ ഏത് ട്വീറ്റുകളാണ് പ്രഥമദൃഷ്ട്യാ സുപ്രീംകോടതി അവഹേളിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.