ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ പ്രസിഡന്‍്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന.

12 കോടിയുടെ തട്ടിപ്പു കേസാണ് ഇവര്‍ക്കെതിരെയുള്ളത്. പല തവണ നോട്ടീസ് നല്‍കിയിട്ടും ഇരുവരും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായിരുന്നില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.പ്രശാന്തന്‍ കാണി സുഭാഷ് വാസുവിനെയും, സുരേഷ് ബാബുവിനെയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
നോട്ടു നിരോധന സമയത്ത് മാവേലിക്കര യൂണിയന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചതായും പരാതിയുണ്ട്.

യൂണിയനിലെ 10 വര്‍ഷത്തെ സാമ്ബത്തിക തിരിമറികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസില്‍ ഏഴു പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ 6 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഇരുവര്‍ക്കും വ്യവസ്ഥകളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പാസ്പോര്‍ട്ട് കണ്ട് കെട്ടിയിട്ടുണ്ട്. ഇവരില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍
ലഭിച്ചെന്നാണ് സൂചന. അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സത്യം തെളിയുമെന്ന് സുഭാഷ് വാസുവും പറഞ്ഞു.