തിരുവനന്തപുരം| ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. യുഎഇ കോണ്‍സുല്‍ ജനറല്‍ വിദേശത്തേക്ക് പോയിട്ടും സര്‍വീസ് റിവോള്‍വര്‍ ജയഘോഷ് തിരികെ ഏല്‍പിച്ചില്ല എന്നത് ചട്ടലംഘനമാണെന്ന് നേരത്തേ ജയഘോഷിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അതേസമയം, ജയഘോഷിനെതിരെ വധശ്രമമുണ്ടായി എന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇന്ന് ആശുപത്രി വിട്ട ജയഘോഷിന്റെ മൊഴി കേരളാ പോലീസും രേഖപ്പെടുത്തിയിരുന്നു. ജയഘോഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍റൂം ഡിവൈഎസ്പിയ്ക്കാണ് ജയഘോഷിനെതിരായ അന്വേഷണത്തിന്റെ ചുമതല.