ആലപ്പുഴ: ബംഗളൂരുവിലേക്ക് പോകുന്ന വഴിയില്‍ രണ്ടു ദിവസത്തേക്ക് സ്വപ്നയ്ക്കും സന്ദീപിനും ഒളിത്താവളം ഒരുക്കിയ ചേര്‍ത്തല അന്ധകാരനഴിയിലെ വ്യവസായിക്ക് പിന്നാലെ എന്‍ഐഎ സംഘം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് ഈ വ്യവസായി എന്ന വാര്‍ത്തയും ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തില്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടും പൂഴ്ത്തിയതായി സംശയം. കഴിഞ്ഞ ആറ്, ഏഴ് തീയതികളിലാണ് സ്വപ്നയും സന്ദീപും ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം.

സ്വപ്നയ്ക്ക് ഹൈക്കോടതിയിലേക്കുള്ള മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഒപ്പിടുവിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ചെയ്യുന്നതിനും ഒരു കണ്‍ഫേര്‍ഡ് ഐപിഎസുകാരന്‍ ഈ വീട്ടില്‍ നേരിട്ടെത്തുകയും ചെയ്തിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.വ്യവസായിയും വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമാണുള്ളത്. യാതൊരു പരിശോധനയും കൂടാതെ സ്വപ്നയും സന്ദീപും കേരളം വിട്ട വഴിയാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതിനെ പിന്നാലെ കൂടിയപ്പോഴാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ വിവരം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മനസിലാകുന്നത്.

അടുത്ത കാലത്ത് പണക്കാരനായി മാറിയ വ്യവസായിക്ക് ഇടതു സര്‍ക്കാര്‍ വഴിവിട്ട നിരവധി കാര്യങ്ങള്‍ ചെയ്തു കൊടുത്തുവെന്ന വിവരം പുറത്തു വരുന്നുണ്ട്. വരട്ടാറിലെ മണല്‍ നീക്കം അടക്കം കൊടുത്തത് ഇയാള്‍ക്കാണെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്