ലണ്ടന്‍: ലോകത്ത് ദിനംപ്രതി പെരുകി കൊണ്ടിരിക്കുകയാണ് കോവിഡ് രോഗ ബാധിതര്‍. അതിനിടയില്‍ വിചിത്രമായ കണ്ടെത്തലുകളുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ബ്രിട്ടിഷ് ഗവേഷകരുടെ കണ്ടെത്തല്‍.

കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ആറു തരത്തിലുള്ള കോവിഡ് രോഗമുണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രോഗികള്‍ക്കു ചികിത്സ നിശ്ചയിക്കുന്നതില്‍ ഡോക്ടര്‍മാരെ ഏറെ സഹായിക്കുന്ന വിലയിരുത്തലാണിതെന്നാണു കരുതുന്നത്.

രോഗതീവ്രത, ശ്വാസതടസം, ഓക്സിജന്‍, വെന്റിലേറ്റര്‍ സഹായം വേണമോ തുടങ്ങി പല കാര്യങ്ങളുമായി ബന്ധപ്പെട്ടാവും ഏതു തരത്തിലുള്ള രോഗമാണെന്നു നിശ്ചയിക്കുക.

വൈറസ് ബാധയുണ്ടായി അഞ്ചാം ദിവസം ഇതില്‍ ഏതു വിഭാഗത്തില്‍പെട്ടയാളാണു രോഗി എന്നു പ്രവചിക്കാന്‍ കഴിഞ്ഞാല്‍ അവരെ സഹായിക്കാനും പ്രാരംഭഘട്ടത്തില്‍ത്തന്നെ ഇടപെടല്‍ നടത്താനും കഴിയും. രക്തത്തിലെ ഓക്സിജന്റെ അളവും പഞ്ചസാരയുടെ അളവും നിരീക്ഷിക്കാനും കൃത്യമായി ജലാംശം ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.