കൊല്‍ക്കത്ത: മാസങ്ങളോളം നീണ്ടുനിന്ന പോരിനു ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പരാതി നല്‍കി. ബംഗാള്‍ സര്‍ക്കാര്‍ കൊവിഡ് 19 പ്രതിസന്ധിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നാണ് ഡല്‍ഹിയിലെ ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഗവര്‍ണര്‍ പരാതിപ്പെട്ടത്. സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങള്‍ വളരെ കുറവാണെന്നും മരണങ്ങളും പോസിറ്റീവ് കേസുകളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍

ജനം വളരെയേറെ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന തകര്‍ച്ച, അംപന്‍ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്ക് ദുരിതാശ്വാസ വിതരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു തുടങ്ങിയവയാണ് ഗവര്‍ണറുടെ പ്രധാന പരാതികള്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന പട്ടികജാതി മാതുവ സമുദായത്തില്‍പെട്ടവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്രമസമാധാന സ്ഥിതിഗതികള്‍ ആശങ്കാജനകവും അപകടകരമാംവിധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു. വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ ഒരു മാര്‍ക്കറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹെംതാബാദ് എംഎല്‍എയുടെ മരണത്തെക്കുറിച്ച്‌ അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ചോപ്രയിലെ ഞായറാഴ്ച കൗമാരക്കാരിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും ആഭ്യന്തര മന്ത്രിയെ അറിയിച്ചതായാണു സൂചന. പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍, ആത്മഹത്യയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളതെന്നാണ് പോലിസ് പറഞ്ഞത്. വിഷം അകത്തുചെന്നാണ് മരണപ്പെട്ടത്. പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടത്.

നേരത്തേ, അംപന്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ വിതരണത്തില്‍ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന് ഗവര്‍ണര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, ആഭ്യന്തരമന്ത്രിയോട് ഉന്നയിച്ച പരാതികളെക്കുറിച്ച്‌ ഗവര്‍ണറുടെ വാര്‍ത്താകുറിപ്പില്‍ ഒരു സൂചനയുമില്ല.