തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് രണ്ട് പേര്‍ക്ക് കോവിഡ്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും, കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ കരകുളം സ്വദേശിയെ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നായിരുന്നു ഇത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവര്‍ നിരീക്ഷണത്തില്‍ പോവണം. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മിഷണര്‍ ആരോഗ്യ വകുപ്പിന് കൈമാറി.

ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇടയില്‍ തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പട്ടത്തെ പരീക്ഷ സെന്ററില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാതെ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും കൂട്ടം കൂടിയത്. കീം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് തിരുവനന്തപുരത്ത് ഇതോടെ ഉയരുന്നത്. തിരുവനന്തപുരത്തെ കോവിഡ് ബാധിതരുടെ എണ്ണം 2000 പിന്നിട്ടു. സമ്ബര്‍ക്കത്തിലൂടെയാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ബാധിച്ചത് എന്നാണ് ആശങ്കപ്പെടുത്തുന്നത്.