ദുബായ്: ഓ​ഗസ്റ്റ് ഒന്നാം തിയതി മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ അവധി ദിനങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയാണ് കോണ്‍സുലേറ്റ് തുറന്നുപ്രവര്‍ത്തിക്കുക. പാസ്‌പോര്‍ട്ട് പുതുക്കല്‍, അടിയന്തര യാത്ര പോലുള്ള അവശ്യ സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് ഡോ. പുരി പറഞ്ഞു. എല്ലാ ദിവസങ്ങളിലും കോണ്‍സുലേറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം പിന്നീട് സാഹചര്യത്തിന് അനുസരിച്ച്‌ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനോടകം 170,000ത്തോളം ആളുകളെയാണ് കോണ്‍സുലേറ്റ് നാട്ടിലേക്ക് അയച്ചത്. ഇതില്‍ 40,000 പേര്‍ വന്ദേഭാരത് മിഷന്‍ വഴി യാത്രചെയ്തപ്പോള്‍ 130,000ത്തോളം ആളുകള്‍ സ്വകാര്യ വിമാനങ്ങളിലും മറ്റ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലുമാണ് യാത്രചെയ്തത്.