ബെയ്ജിംഗ്: കൊവിഡ്-19 വ്യാപിക്കുന്ന സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ചിത്രകാരന്‍ സ്വന്തം വായ മൂടിക്കെട്ടി. ബ്രദര്‍ നട്ട് എന്നറിയപ്പെടുന്ന പ്രശസ്ത ചൈനീസ് ചിത്രകാരനാണ് 30 ദിവസം മെറ്റല്‍ ക്ലിപ്പുകള്‍ ഉപയോഗിച്ച്‌ വായ മൂടിവെച്ചത്. #shutupfor30days എന്ന ഹാഷ്ടാഗിലാണ് ബ്രദര്‍ നട്ടിന്റെ പ്രതിഷേധം. വെബ്‌സൈറ്റിലെ പേജ് കാണാതാകുമ്ബോള്‍ വരുന്ന സന്ദേശമായ 404 എന്നെഴുതിയ പാക്കിങ് ടേപ്പ് കൊണ്ട് വായ ഒട്ടിച്ചുവച്ച ദൃശ്യങ്ങളും പുറത്ത് വന്നു.

നിരവധി വെബ്‌സൈറ്റുകള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.അനീതിയും സെന്‍സര്‍ഷിപ്പും അക്രമവും കലാകാരന്‍മാര്‍ക്ക് അംഗീകരിക്കാനാകുന്നത് എങ്ങനെയാണെന്നാണ് ബ്രദര്‍ നട്ട് ചോദിക്കുന്നത്. കലയിലൂടെ പ്രതികരിക്കുക എന്നതാണ് തന്റെ ആദ്യ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്താണ് 39കാരനായ കലാകാരന്റെ ഈ പ്രതിഷേധം. കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് ചൈന നേരിടുന്നത്. രോഗവ്യാപനം തുടങ്ങിയതോടെ ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യം വീണ്ടും കുറയുകയാണ് ചെയ്തത്. എതിരഭിപ്രായം പറയുന്നവരെയെല്ലാം നിശബ്ദരാക്കുന്ന നയമാണ് ഷി ജിന്‍പിങ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

വുഹാനില്‍ ന്യൂമോണിയ പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ മാരക വൈറസാണ് വ്യാപിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറെ ചൈനീസ് ഭരണകൂടം ഭീഷണിപ്പെടുത്തി നിശബ്ദനാക്കുകയാണ് ചെയ്തത്. ഡോക്ടര്‍ ലി വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് കൊവിഡ് വൈറസ് പടരുന്നതായി ചൈന സ്ഥിരീകരിച്ചത്. ഡോ. ലി വെന്‍ലിയാങ് കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചതോടെ ചൈനീസ് സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണെന്നുമാണ് ആരോപണം ഉയര്‍ന്നത്.

സാമൂഹിക വിഷയങ്ങളില്‍ മുമ്ബും ശക്തമായി പ്രതികരിച്ചിട്ടുള്ള ചിത്രകാരനാണ് ബ്രദര്‍ നട്ട്. സാമൂഹിക അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ ഉള്ള ഉത്തരവാദിത്തം തന്നെയാണ് തനിക്കുമുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനര്‍ തള്ളിക്കൊണ്ട് ബ്രദര്‍ നട്ട് ബെയ്ജിങ് നഗരത്തിലൂടെ നടന്നിരുന്നു.

തന്റെ യഥാര്‍ഥ പേര് പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.