പാലക്കാട് : പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും, നെല്ലായ പഞ്ചായത്തിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവ്യാപനം ക്ലസ്റ്റര്‍ ആയി മാറിയതോടെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ രാവിലെ മുതല്‍ ലോക് ഡൗണ്‍ നിലവില്‍ വരും. പട്ടാമ്പിയില്‍ ഭയാനകമായ സാഹചര്യമാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, കപ്പൂര്‍, പട്ടിത്തറ തിരുമിറ്റക്കോട്, ആനക്കര പരുതൂര്‍, തിരുവേഗപ്പുറ വിളയൂര്‍, കൊപ്പം, ഓങ്ങല്ലൂര്‍, കുലുക്കല്ലൂര്‍, മുതുതല, വല്ലപ്പുഴ, നെല്ലായ എന്നീ 16 പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയിലും ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ മുതല്‍ ലോക് ഡൗണ്‍ നിലവില്‍ വരും. പോലീസ്, ഫയര്‍ഫോഴ്സ്, ആശുപത്രികള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. പൊതു ഗതാഗതത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലസ്റ്റര്‍ രൂപപ്പെട്ട് സാമൂഹിക വ്യാപനത്തിലേക്ക് പോകാനുള്ള സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് എന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

പട്ടാമ്പിയില്‍ ഭയാനകമായ സാഹചര്യമാണുള്ളത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ മെഗാ ക്യാമ്ബായി നടത്തിവരികയാണ്. കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് നടത്തി സമീപപ്രദേശങ്ങളിലും നിയന്ത്രണം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കിടത്തി ചികിത്സക്കായി 6000 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകള്‍ ഒരുക്കാന്‍ തയ്യാറാവണം. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം എന്നും മന്ത്രി ആവശ്യപ്പെട്ടു.