വത്തിക്കാന്‍: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്ബര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക മാറുന്നു.

2020 ജൂലൈ എട്ടാം തിയതി റോമിലെ അപ്പസ്തോലിക് വികാരിയേറ്റില്‍ നിന്ന് കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുറപ്പെടുവിച്ച ഡിക്രിയില്‍ മൂന്ന് കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഒന്ന്, റോമാരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ അജപാലനത്തിനു പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. രണ്ട്, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പ് നിര്‍ദ്ദേശിക്കുന്ന ഒരു വൈദികനെ റോമിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലെയിന്‍ എന്ന പദവിയോടെ നിയമിക്കുന്നതാണ്. മൂന്ന്, പുതിയ അജപാലന സംവിധാനത്തിന്‍റെ ആസ്ഥാനം സാന്താ അനസ്താസ്യ മൈനര്‍ ബസിലിക്ക ആയിരിക്കും. റോമിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചാപ്ലെയിന്‍ തന്നെ ആയിരിക്കും ഈ ബസിലിക്കയുടെ റെക്ടര്‍.

2019 ല്‍ നടന്ന ആദ് ലിമിനാ സന്ദര്‍ശനത്തിന്‍റെ അവസരത്തില്‍, റോമിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കു സ്വന്തമായി ഒരു ദൈവാലയത്തിനുവേണ്ടി സിനഡ് പിതാക്കډാര്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

മാര്‍പാപ്പായുടെ പ്രത്യേക താത്പര്യമാണ് സീറോമലബാര്‍ സഭയ്ക്ക് ഈ ദൈവാലയം ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. റോമിലെ സീറോമലബാര്‍ സമൂഹത്തിനു ഈ ദൈവാലയം ലഭിക്കുവാന്‍ മേജര്‍ ആര്‍ച്ബിഷപ്പിന്‍റെ പ്രൊക്യുറേറ്ററും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും നിരന്തര പരിശ്രമവുമുണ്ടായിരുന്നു.

ക്രിസ്തു വര്‍ഷം 325-326 കാലഘട്ടത്തില്‍ കോണ്‍സ്റ്റെന്‍റ്റൈന്‍ ചക്രവര്‍ത്തിയാണ് ഈ ബസിലിക്കയുടെ നിര്‍മ്മാണം ആരംഭിച്ചത്. പുരാതന റോമാസാമ്രാജ്യത്തിന്‍െറ ഭരണസിരാകേന്ദ്രമായിരുന്ന പലാത്തീനോകുന്നില്‍ നിര്‍മ്മിക്കപ്പെട്ടതും റോമിലെ ചരിത്രസ്മാരകമായ കോളോസിയത്തിന്‍റെ സമീപത്തുള്ളതുമായ ഈ ദൈവാലയത്തില്‍ വിശ്രുത വേദപുസ്തക പണ്ഡിതനായ വി. ജെറോം പ്രസംഗിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടുവരെയുള്ള മാര്‍പാപ്പാമാര്‍ ക്രിസ്തുമസ് ദിവ്യബലി അര്‍പ്പിച്ചിരുന്നത് സാന്താ അനസ്താസ്യാ ബസിലിക്കായില്‍ ആയിരുന്നു. ബറോക്ക് മാതൃകയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദൈവാലയം വാസ്തുഭംഗികൊണ്ടും ചിത്രപണികള്‍ക്കൊണ്ടും അതിമനോഹരമാണ്.

2011 മുതല്‍ റോമിലെ സാന്തോം സീറോമലബാര്‍ ഇടവകയുടെ തിരുകര്‍മ്മങ്ങള്‍ നടത്തിയിരുന്നത് ഈ ദൈവാലയത്തിലായിരുന്നു. റോമില്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി വി. കുര്‍ബാനയര്‍പ്പണവും സഭാകൂട്ടായ്മയും ആരംഭിച്ചതിന്‍റെ രജതജൂബിലി പൂര്‍ത്തിയായ സന്ദര്‍ഭത്തിലാണ് പരിശുദ്ധ സിംഹാസനം സീറോമലബാര്‍ സഭയ്ക്ക് സ്വന്തമായി ഈ ദൈവാലയം നല്‍കിയിരിക്കുന്നത്.

ഏഴായിരത്തോളം സീറോമലബാര്‍ വിശ്വാസികളാണ് റോമിലും പരിസര പ്രദേശങ്ങളിലുമായി ഉള്ളത്. ഇവരുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങളുടെ ഫലപ്രദമായ നിര്‍വഹണത്തിന് പുതിയ സാഹചര്യങ്ങള്‍ ഏറെ സഹായിക്കും